Saturday, 25 April 2009

'സല്ലാപ വിളംബരം'


ഡും...ഡും...ഡും...
മാന്യ മഹാ ജനങ്ങളേ.....
കേരളക്കരയിലെ അങ്കമാലി ദേശത്തുനിന്നും കടലേഴും താണ്ടി പരദേശിയായി പറങ്കി നാട്ടിൽ വന്ന് താമസമാക്കിയിട്ടുള്ള നമ്മുടെ എല്ലാ പ്രജകളുടേയും അറിവിലേക്കായി സല്ലാപ സംഘം പുറപ്പെടുവിക്കുന്ന വിളംബരം എന്തെന്നാൽ....
ഇന്നേക്ക് ക്രുത്യം എഴുപത്തിയൊന്നാം പക്കം, കർക്കിടകം ഇരുപതിന് (ക്രി.വ.ജൂലായ് 4) ശനിയാഴ്ച്ച പറങ്കി നാട്ടിലുള്ള ലിവർപൂൾ ദേശത്ത്, ഓൾഡ് സ്വാൻ അംശത്ത് “സല്ലാപ നഗറിൽ“ അങ്കമാലി പ്രജകളുടെ ഒരു കൂട്ടം കൂടുവാൻ തീരുമാനമായിരിക്കുന്നു. അന്നേ ദിവസം സൂര്യോദയത്തിന് ശേഷം 10 മണി സമയത്ത് പ്രജകളുടെ സ്ഥിതിവിവര കണക്കുകൾ രേഖപ്പെടുത്തിതുടങ്ങുന്നതും, കിറുക്രുത്യം 11 മണി സമയത്ത് മൂക്കന്നൂർ ദേശത്തുനിന്നും ഈ നാട്ടിലെത്തി വൈദികവ്രുത്തിയും കൂട്ടത്തിൽ ഗവേഷണ പഠനവും നടത്തി വരുന്ന വന്ദ്യ വൈദികൻ റോബർട്ട് പുതുശ്ശേരിയാൽ ഈ സല്ലാപം ഉത്ഘാടനം ചെയ്യപ്പെടുന്നതുമായിരിക്കും. ആയതിനുശേഷം പ്രജകൾ താന്താങ്ങളെതന്നെ സ്വയം പരിചയപ്പെടുത്തുന്നതും പിന്നീടുള്ള ആഹാരനീഹാരാദികൾക്ക് ശേഷം വിവിധങ്ങളായ ഉല്ലാസ പരിപാടികൾ നടത്തപ്പെടുന്നതും, ഏറ്റവും ഒടുവിൽ ഏവർക്കും നന്ദി പ്രകടിപ്പിച്ച് സൂര്യാസ്തമയത്തോടേ സല്ലാപം
അവസാനിക്കുന്നതുമായിരിക്കും. ഈ കൂട്ടത്തിൽ അംഗമാകാനാഗ്രഹിക്കുന്ന ഓരോ കുടുംബവും വിദേശ പണമായി 10 പൌണ്ട് വച്ച് കപ്പം നൽകേണ്ടതാണെന്നും ഇതിനാൽ തര്യപ്പെടുത്തിക്കൊള്ളുന്നു....ഡും...ഡും...ഡും...
ഈ കൂട്ടത്തിൽ സംബന്ധിക്കാനിഷടമുള്ളവരും, ഉല്ലാസ പരിപാടികൾ നടത്താനാഗ്രഹിക്കുന്നവരും എത്രയും വേഗത്തിൽ 0151 7341351, 07809725214 എന്ന നമ്പറുകളിലോ mailto:sallapam2009@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. എന്ന് കാര്യസ്തർ, ഒപ്പ്.

Thursday, 16 April 2009

ക്ഷണക്കത്ത്


പ്രിയ സുഹ്രുത്തുക്കളേ,
ചില സാങ്കേതിക കാരണങ്ങളാൽ നേരത്തേ തീരുമാനിച്ചിരുന്നതിൽ നിന്നും അല്പം വ്യത്യാസം വരുത്തിക്കൊണ്ട് നമ്മുടെ പ്രഥമ മീറ്റിംഗ് ഈ വരുന്ന ശനിയാ‍ഴ്ച്ച (18-04-09) ഓൾഡ് സ്വാനിലുള്ള പീ.ആർ.എം. സ്റ്റോറിന്റെ മുകൾ നിലയിലുള്ള ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സമയം 3.30p.m. “സല്ലാപം 2009“ന്റെ ഭാവി പരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുന്ന ഈ മീറ്റിംഗിൽ ഇതൊരു ക്ഷണകത്തായി പരിഗണിച്ച് സാധിക്കുന്ന എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
സസ്നേഹം,
അങ്കമാലിയൻ

Tuesday, 14 April 2009

ഐശ്വര്യ




പൂർണ്ണമായ വിഷു ദിനാശംസകൾ.....

Sunday, 12 April 2009

ഹാപ്പി ഈസ്റ്റർ

വിമോചന സമരത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച അങ്കമാലിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങൾക്കും പാപവിമോചനത്തിലൂടെ ലോക ചരിത്രത്തിൽ ഇടം പിടിച്ച ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ, ഓർമ്മത്തിരുന്നാളിന്റെ, ഒരായിരം ആശംസകൾ...

Monday, 6 April 2009

സല്ലാപക്കുറിപ്പ്


നമസ്കാരം,
അങ്കമാലിക്ക് കിഴക്ക് കോതമംഗലം മുതൽ പടിഞ്ഞാറ് മാള വരെയും, തെക്ക് ആലുവ മുതൽ വടക്ക് ചാലക്കുടി വരെയുമുള്ള പ്രദേശങ്ങളിൽ ജന്മംകൊണ്ടോ കർമം കൊണ്ടോ താമസിച്ചിരുന്നവരും ഇപ്പോഴും താമസിച്ചുപോരുന്നവരും നിലവിൽ യൂ.കെ. യിൽ ഉള്ളവരുമായ മലയാളികളുടെ ഒരു ഒത്തുചേരൽ “സല്ലാപം 2009“ എന്ന പേരിൽ ലിവർപൂളിൽ വച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. എന്ന്, എവിടെ, എപ്പോൾ എന്നുള്ള കാര്യങ്ങൾ ഏവരുടേയും അഭിപ്രായങ്ങൾ കിട്ടിയ ശേഷം തീരുമാനിക്കുന്നതും ഏവരേയും അറിയിക്കുന്നതുമാണ്.

പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്ക് ഒരു ദിവസത്തേക്ക് അവധി കൊടുത്തുകൊണ്ട്, പരിചയമുള്ളവർക്ക് ആ പരിചയം പുതുക്കുവാനും, പരിചയമില്ലാത്തവർക്ക് പരിചയപ്പെടുവാനുമായി, കളിതമാശകളും കലാപരിപാടികളുമൊക്കെയായി നമ്മുടേതു മാത്രമായി ഒരു ദിവസം... അതാണ് “സല്ലാപം 2009“.

അപ്പോൾ ഇനി ചെയ്യേണ്ടത് നിങ്ങളുടേയും, നിങ്ങൾക്ക് പരിചയമുള്ളവരുടേയും ടെലി.നമ്പറുകളും ഈ-മെയിൽ അഡ്രസ്സും കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും എല്ലാം ഞങ്ങൾക്കയച്ചു തരിക. ഏവരേയും ഈ സംരംഭത്തെക്കുറിച്ച് അറിയിക്കുക.
നന്ദി..

N.B. എല്ലാ അങ്കമാലിക്കാർക്കും ഇത് ഫോർവ്വേഡ് ചെയ്യുക