Saturday, 16 May 2009

സല്ലാപ ശാസനകൾ

സല്ലാപത്തിന് ഹാജരാകുന്ന സകലമാന പ്രജകളും കർക്കശമായി പാലിക്കേണ്ട ചില ഉടമ്പടികൾ ഏവരേയും അറിയിച്ചുകൊള്ളുന്നു. അംഗങ്ങൾ ഓരോരുത്തരും നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്കാ‍രവും കാത്തുസൂക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നതോടൊപ്പം തന്നെ ഈ നാടിന്റെ ചട്ടങ്ങളും വട്ടങ്ങളും കൂടി പാലിക്കേണ്ടതുണ്ട്. ആയതിൻ പ്രകാരം കീഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മൊത്തം പ്രജകളും ഓർത്തിരിക്കേണ്ടതും യാതൊരു വീഴ്ച്ചയും വരുത്താതെ പാലിക്കേണ്ടതുമാണ്.
1.സല്ലാപ നഗറിലേക്ക് വാഹനങ്ങളിൽ എത്തുന്ന നമ്മുടെ പ്രജകൾ പ്രാധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കേണ്ടതും കൽ‌പ്പിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതുമാണ്.

2.സല്ലാപ നഗർ ഒരു പള്ളിക്കൂടം ആയതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ഹാളിനകത്തൊ പള്ളിക്കൂടപരിസരത്തൊ യാതൊരു വിധ ധൂമപാനമൊ സുരപാനമൊ അനുവദനീയമല്ല. ദുർബല മനസ്കരായ ഏതെങ്കിലും പ്രജക്ക് ഇത്തരം കാര്യങ്ങളിൽ എപ്പോളെങ്കിലും ഒരു ആസക്തി തോന്നിയാൽ ഉടൻ തന്റെ വാഹനവുമായി പുറത്തുപോയി കാര്യ സാധ്യത്തിന് ശേഷം മടങ്ങി വരാവുന്നതാണ്.

3.പൊതുവേ നമ്മുടെ സന്താനങ്ങൾ അനുസരണ ശീലമുള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും മറിച്ചും കാണാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവരെ നേർവ്വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളായ നമ്മുടെ കടമയാണ്. അതുകൊണ്ട് കുട്ടികളുടെ പരിപൂർണ്ണമായ ഉത്തരവാദിത്തം മാതാപിതാക്കൾ സ്വയം ഏറ്റെടുത്ത് അവരുടെ മേൽ എപ്പോഴും ഒരു കണ്ണുവക്കുന്നത് ഉചിതമായിരിക്കും.

4.വായിൽ വെള്ളമൂറും പാശ്ചാത്യ പൌരസ്ത്യ ഭക്ഷണ വിഭവങ്ങൾ പാചക ശാലയിൽ നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. ഹാളിനകത്ത് ഇവ അനുവദനീയമല്ലാത്തതിനാൽ ഭക്ഷണം പാചക ശാലയിൽ ഇരുന്ന് മാത്രം കഴിക്കുക.

5.മലമൂത്രാദി വിസർജ്ജനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ വ്രുത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ യാതൊരു ഉപേക്ഷയും വരുത്തരുത്.

6.സല്ലാപം കഴിഞ്ഞ് മടങ്ങുമ്പോൾ അകത്തേക്ക് വന്ന അതേ കവാടത്തിലൂടെ പുറത്തേക്ക് പോകാൻ യാതൊരു കാരണവശാലും ശ്രമിക്കരുത്. പ്രധാന കവാടത്തിന് 25 വാര ഇടതുമാറി അടഞ്ഞു കിടക്കുന്ന മറ്റൊരു കവാടം നിങ്ങൾക്ക് കാണാം. അതിന് മുൻപിൽ നിങ്ങളുടെ വാഹനം എത്തുമ്പോൾ കവാടം യാന്ത്രികമായി താനേ തുറന്നുവരുന്നതും അതിലൂടെ നിങ്ങൾക്ക് പുറത്തേക്ക് പോകാവുന്നതുമാണ്.

വിധേയർ...
ശ്ര.

No comments:

Post a Comment